Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം എരുമേലി പഞ്ചായത്തിൽ യുഡിഎഫിന് മികച്ച വിജയം നേടാനായെങ്കിലും പ്രസിഡന്റ് സ്ഥാനം ലഭിക്കില്ല. ഇത്തവണ എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം പട്ടികവർഗ സംവരണമാണ്.
എന്നാൽ യുഡിഎഫിൽ നിന്ന് ഈ വിഭാഗത്തിൽ മത്സരിച്ച രണ്ട് സ്ഥാനാർഥികളും പരാജയപ്പെട്ടതാണ് അവർക്ക് തിരിച്ചടിയായത്. ഇതോടെ ബിജെപി, എൽഡിഎഫ് സ്ഥാനാർഥികളായി വിജയിച്ച രണ്ട് പേരിലൊരാൾ പ്രസിഡന്റാകും.
ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 14, എൽഡിഎഫ് ഏഴ്, ബിജെപി രണ്ട്, ഒരു സ്വതന്ത്രനും വിജയിച്ചു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ബിജെപി നില മെച്ചപ്പെടുത്തി. കിടങ്ങൂർ, പൂഞ്ഞാർ തെക്കേക്കര, അയ്മനം പഞ്ചായത്തുകൾ ബിജെപി നേടി. കഴിഞ്ഞതവണ അയ്മനം പഞ്ചായത്തിൽ ഏഴു വാർഡുകളിൽ വിജയിച്ചിരുന്ന ബിജെപി ഇത്തവണ ഒമ്പതു സീറ്റുകൾ നേടി.
പൂഞ്ഞാർ തെക്കേക്കരയിൽ ആകെയുള്ള 15 സീറ്റുകളിൽ എട്ടു സീറ്റുകൾ ബിജെപി നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.സി.ജോർജിന്റെ ജനപക്ഷത്തിന്റെ പിന്തുണയിലാണ് എൽഡിഎഫ് ഭരണം നേടിയിരുന്നത്. ബിജെപി എട്ട്, എൽഡിഎഫ് അഞ്ച്, യുഡിഎഫ് രണ്ടു സീറ്റുകളിലുമാണ് വിജയിച്ചത്.
കിടങ്ങൂർ പഞ്ചായത്തിൽ ഏഴു സീറ്റ് നേടിയാണ് ബിജെപി ഭരണം പിടിച്ചത്. യുഡിഎഫ് അഞ്ചു സീറ്റിലും എൽഡിഎഫ് നാലു സീറ്റിലും വിജയിച്ചു. 2020 ൽ തെരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു.
കഴിഞ്ഞ തവണ പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളിൽ ബിജെപി ഭരണം പിടിച്ചിരുന്നെങ്കിൽ ഇത്തവണ അവർക്ക് ഈ രണ്ട് പഞ്ചായത്തുകളും നഷ്ടമായി. പള്ളിക്കത്തോട്ടിൽ യുഡിഎഫും മുത്തോലിയിൽ എൽഡിഎഫുമാണ് ഇത്തവണ വിജയിച്ചത്.
Kerala
കോട്ടയം: പാലാ നഗരസഭയിൽ ജോസ് കെ. മാണിയേയും എൽഡിഎഫിനെയും ഞെട്ടിച്ച് യുഡിഎഫ് ഭരണം ഉറപ്പിച്ചു. യുഡിഎഫ്12 സീറ്റിലും എൽഡിഎഫ് പത്തു സീറ്റിലും മറ്റുള്ളവർ നാലു സീറ്റിലും വിജയിച്ചു. ഇതിൽ മൂന്നെണ്ണം ബിനു പുളിക്കക്കണ്ടവും സഹോദരനും ബിനുവിന്റെ മകളും വിജയിച്ച് വാർഡുകാളാണ്.
ഈ മൂന്നുപേരും യുഡിഎഫിനെ പിന്തുണയ്ക്കും. ഇവർക്കെതിരെ യുഡിഎഫ് സ്ഥാനാർഥികളെ നിറുത്തിയിരുന്നില്ല. മൂന്നു പേരും സ്വതന്ത്രരായി ജീപ്പ് ചിഹ്നത്തിലാണ് മത്സരിച്ചത്. നഗരസഭാധ്യക്ഷ സ്ഥാനം സിപിഎം നിഷേധിച്ചതിനെത്തുടര്‍ന്ന് കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടം പുതിയ രാഷ്ട്രീയപരീക്ഷണത്തില് വിജയിച്ചിരിക്കുകയാണ്.
20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ഥിയായും രണ്ടു തവണ സ്വതന്ത്രനായുമാണു ജയിച്ചത്. കേരള കോണ്‍ഗ്രസ് എമ്മുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു.
അതേസമയം ജോസ് കെ. മാണി നേരിട്ട് പ്രചാരണം നടത്തിയിട്ടും നഗരസഭ കൈവിട്ടു പോയത് വരും ദിവസങ്ങളിൽ പാർട്ടിയിൽ ചർച്ചയാകും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും കൊല്ലത്തും ആദ്യ സൂചന എൽഡിഎഫിന് അനുകൂലമാണ്. തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് മൂന്ന്, യുഡിഎഫ് മൂന്ന്, എൻഡിഎ രണ്ട് സീറ്റിലും ലീഡു ചെയ്യുകയാണ്.
സ്ഥാനാർഥിത്വത്തിൽ വിവാദമുണ്ടായ മുട്ടടയിൽ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് പിന്നിൽ നിൽക്കുകയാണ്. കൊല്ലം കോർപറേഷനിൽ എൽഡിഎഫ് ഏഴു സീറ്റിലും യുഡിഎഫ് രണ്ട് സീറ്റിലും ലീഡു ചെയ്യുകയാണ്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. 8.20 മുതല്‍ ഫലം എത്തിത്തുടങ്ങുമെങ്കിലും പൂർണഫലം ഉച്ചയോടെ ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ 73.56 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ 70.91 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെങ്കിൽ രണ്ടാം ഘട്ടത്തിൽ 76.08 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ജില്ലാ പഞ്ചായത്തിലേക്കുള്ള തപാല്‍ ബാലറ്റുകള്‍ കളക്ടറേറ്റുകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തിലാണ് എണ്ണുന്നത്.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനുശേഷം നടത്തുന്ന ആഹ്ലാദ പ്രകടനങ്ങൾക്ക് കോഴിക്കോട് റൂറലിൽ നിയന്ത്രണമേർപ്പെടുത്തി. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. പലയിടങ്ങളിലും സംഘർഷ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രകടനങ്ങൾ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികൾക്കൊപ്പം മാത്രമേ പാടുള്ളൂ. നാസിക് ഡോൾ അടക്കമുള്ള ശബ്ദ സംവിധാനങ്ങൾക്കും വിലക്കുണ്ട്. ബൈക്കുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തരുതെന്നും നിർദേശമുണ്ട്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെങ്ങും കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ 20 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് കോർപറേഷനിലെ വോട്ടുകൾ എണ്ണുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കൃത്യം എട്ടിനു തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും.
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ എണ്ണും. ആദ്യം വരണാധികാരിയുടെ ടേബിളിൽ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും.
തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്ട്രോംഗ് റൂമുകളിൽ നിന്നും ടേബിളുകളിൽ എത്തിക്കുക. വാർഡുകളുടെ ക്രമനമ്പർ പ്രകാരമായിരിക്കും വോട്ടിംഗ് മെഷീനുകൾ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക.
ലീഡ് നിലയും ഫലവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala. gov.in , https://trend. kerala.nic.in
National
തിരുവനന്തപുരം: ബിഹാറിൽ ഇന്ത്യാ സഖ്യത്തെ നിലംപരിശാക്കി എൻഡിഎ നടത്തിയ വൻ വിജയം മറ്റു സംസ്ഥാനങ്ങളെയും സ്വാധീനിക്കുമെന്ന് വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങളും ബാക്കി നില്‍ക്കെ കേരളത്തിലെ രാഷ്ട്രീയ മേഖലയിലും ഇതിന്റെ അലയൊലികൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ബിഹാറിൽ കണക്കുകൂട്ടലുകൾക്കുമപ്പുറം എൻഡിഎ വൻ വിജയം നേടുകയും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്തത് കേരളത്തിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് നല്കുന്ന ഊർജം ചെറുതല്ല. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിഹാർ എടുത്തുകാട്ടിയാകും ബിജെപി പ്രചാരണങ്ങൾ.
എൻഡിഎക്കെതിരേ ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രതിപക്ഷം പറയുമ്പോഴും അത് വോട്ടാക്കാൻ അവർക്ക് സാധിച്ചില്ല. വികസനങ്ങളും ജനങ്ങളിലേക്കിറങ്ങിയുള്ള പദ്ധതികളും കൊണ്ടാണ് നിതീഷ് കുമാർ ആ പ്രചരണത്തെ മറികടന്നത്.
ബിഹാറില്‍ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ഒറ്റയക്കത്തിലേക്ക് ചുരുങ്ങിയത് കേരളത്തിലെ പാർട്ടി നേതൃത്വം പാഠമാക്കേണ്ടതാണ്. സംഘടനാ ദൗര്‍ബല്യവും പ്രാദേശിക നേതൃത്വത്തിന്റെ അഭാവവും മറ്റു സംസ്ഥാനങ്ങളിലും കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയാണ്.
ഈ സാഹചര്യത്തിൽ, താഴേത്തട്ടിൽ ഇറങ്ങിച്ചെന്നു പാർട്ടിയെ ശക്തിപ്പെടുത്തുകയും ഭിന്നതകളും ഗ്രൂപ്പ് പോരാട്ടങ്ങളും ഒഴിവാക്കി ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്താൽ മാത്രമേ കേരളത്തിൽ കോൺഗ്രസിന് തിരിച്ചുവരവ് സാധ്യമാകൂ എന്നാണ് ബിഹാർ പഠിപ്പിക്കുന്നത്.
അതേസമയം, ബിഹാറിൽ ഇത്തവണ ഒരു സീറ്റുമായി തിരിച്ചടി നേരിട്ട സിപിഎം കേരളത്തിലും സ്വയം ആത്മപരിശോധന നടത്തേണ്ട സമയമാണ്. തുടർഭരണങ്ങൾ ഭരണവിരുദ്ധ വികാരത്തിനു വഴിവയ്ക്കുമെന്ന ധാരണകൾ പൊളിച്ചെഴുതിയ നിതീഷിൽ നിന്ന് കേരളത്തിലെ സിപിഎമ്മിന് ഏറെ പാഠങ്ങൾ പഠിക്കേണ്ടതുണ്ട്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി എൻഡിഎ കുതിക്കുന്നു. നിലവിൽ അവർ 200 സീറ്റിൽ ലീഡു ചെയ്യുകയാണ്. ഇന്ത്യാ സഖ്യം കേവലം 40 സീറ്റിലേക്കൊതുങ്ങി.
പ്രതിപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളിലെല്ലാം കടന്നുകയറിയാണ് എൻഡിഎ മുന്നേറുന്നത്. അൻഗ പ്രദേശിൽ ആകെയുള്ള 27 സീറ്റിൽ മഹാഖഡ്ബന്ധൻ അഞ്ച് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഇവിടെ എൻഡിഎ 22 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
ബോഡ്പൂർ മേഖലയിൽ ആകെയുള്ള 46 സീറ്റുകളിൽ എൻഡിഎ 26 സീറ്റിലും ഇന്ത്യാ സഖ്യം 16 സീറ്റിലാണ് ലീഡുചെയ്യുന്നത്. മഗധ് മേഖലയിലെ ആകെയുള്ള 47 സീറ്റുകളിൽ 31 എണ്ണത്തിൽ മുന്നേറ്റം തുടരുകയാണ് എൻഡിഎ.
മഗധ് മേഖലയിൽ മഹാഖഡ്ബന്ധൻ 16 സീറ്റിലാണ് മുന്നേറുന്നത്. ആകെ 50 സീറ്റുകളുള്ള മിട്ടാഞ്ചലിൽ എൻഡിഎ മുന്നേറ്റം. 35 സീറ്റുകളിലാണ് എൻഡിഎ സഖ്യം മുന്നേറുന്നത്. നിലവിൽ 15 സീറ്റിലാണ് മഹാഖഡ്ബന്ധൻ ഇവിടെ മുന്നേറുന്നത്.